Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Editorial

ദ ഛ​ത്തീ​സ്ഗ​ഡ് സ്റ്റോ​റി- 2 ഗോ​സ് ബി​യോ​ൺ​ഡ്

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന വ​ർ​ഗീ​യ​ത​യു​ടെ ര​ണ്ടാം ഭാ​ഗം, അ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളെ​യും വെ​റു​തെ വി​ടി​ല്ല എ​ന്ന​താ​ണ്. ക്രൈ​സ്ത​വ​രാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം പൊ​തു​ശ്മ​ശാ​ന​ത്തി​ലോ ഗ്രാ​മ​ത്തി​ലോ സ്വ​ന്തം ഭൂ​മി​യി​ലോ​പോ​ലും സം​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​മാ​ന്തി​യെ​ടു​ത്ത് തീ​വ്ര​ഹി​ന്ദു​ത്വ​വാ​ദി​ക​ൾ കൊ​ണ്ടു​പോ​കു​ന്നു.

ചി​ല​ത് ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്കു​ന്നു. പോ​ലീ​സ് കാ​വ​ൽ​നി​ൽ​ക്കു​ന്നു. ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ന്നു. ചി​ല ഗ്രാ​മ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കു പ്ര​വേ​ശ​ന​മി​ല്ലെ​ന്നു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് തീ​വ്ര​ഹി​ന്ദു​ത്വ​യ്ക്കു പു​ത്ത​ൻ വ്യാ​ഖ്യാ​ന​മെ​ഴു​തി​യ ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നാ​ണ് ര​ണ്ടാം ഭാ​ഗ​മാ​യി ഛത്തീ​സ്ഗ​ഡി​ലും അ​തി​ന​പ്പു​റ​വും സ​ജീ​വ​മാ​യ കൊ​ടും​വ​ർ​ഗീ​യ​ത​യു​ടെ പു​തി​യ പ​തി​പ്പ്.

പ്ര​ചാ​ര​ണ​വേ​ല​യ​ല്ല, ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന ഇ​ട​ക്കാ​ല വി​ധി​യോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി ഛത്തീ ​സ്ഗ​ഡ് സ​ർ​ക്കാ​രി​നോ​ടു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട കേ​സാ​ണി​ത്. ഒ​രി​ട​ത്ത് നി​ർ​മി​ത​ബു​ദ്ധി ഉ​ച്ച​കോ​ടി, മ​റ്റി​ട​ങ്ങ​ളി​ൽ വ​ർ​ഗീ​യ ഉ​ച്ച​കോ​ടി! ഈ ​രാ​ജ്യം എ​വി​ടേ​ക്കാ​ണ്? ഇ​ക്ക​ഴി​ഞ്ഞ ക്രി​സ്മ​സി​നു തൊ​ട്ടു​പി​ന്നാ​ലെ, ഛത്തീ​സ്ഗ​ഡ് ധം​താ​രി ജി​ല്ല​യി​ലെ ബോ​റാ​യ് ഗ്രാ​മ​ത്തി​ൽ പു​നി​യ ബാ​യി സാ​ഹു എ​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ഒ​രു​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് തീ​വ്ര​ഹി​ന്ദു​ത്വ​ർ എ​ത്തി​യ​ത്.

ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​വ​ർ ശ​വ​ക്കൂ​ഴി മൂ​ടി. ഒ​ന്ന​ര ദി​വ​സ​മാ​യി​ട്ടും മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ, ഖ​ർ​വാ​പ്പ​സി ന​ട​ത്താ​മെ​ന്ന് എ​ഴു​തി​ക്കൊ​ടു​ക്കാ​നും ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം സം​സ്കാ​രം ന​ട​ത്താ​നും ആ ​ക്രൈ​സ്ത​വ​കു​ടും​ബം നി​ർ​ബ​ന്ധി​ത​രാ​യി.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ഇ​ട​പെ​ട്ട് പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചെ​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. ഇ​ങ്ങ​നെ​യാ​ണ് പു​തി​യ ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ത്വ​രും ബി​ജെ​പി സ​ർ​ക്കാ​രു​ക​ളും ചേ​ർ​ന്നു ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​മ്യ​ത​യി​ലെ​ത്തി​ക്കു​ന്ന​ത്. ആ​റു മാ​സം മു​ന്പാ​ണ്, സോം​ലാ​ൽ റാ​ത്തോ​ഡി​ന്‍റെ മൃ​ത​ദേ​ഹം കു​ഴി​മാ​ന്തി പു​റ​ത്തെ​ടു​ത്ത​ത്.

അ​വ​ർ മൃ​ത​ദേ​ഹം എ​വി​ടേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്നു​പോ​ലും ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലെ​ന്നാ​ണ് അ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. 2025 ജ​നു​വ​രി​യി​ൽ ബ​സ്ത​ർ ജി​ല്ല​യി​ലെ ചി​ന്ദ്‌​വാ​ഡ ഗ്രാ​മ​ത്തി​ൽ മ​രി​ച്ച പാ​സ്റ്റ​ർ സു​ഭാ​ഷ് ഭാ​ഗേ​ലി​ന്‍റെ മൃ​ത​ദേ​ഹം പൊ​തു​ശ്മ​ശാ​ന​ത്തി​ലോ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലോ​പോ​ലും സം​സ്ക​രി​ക്കാ​ൻ സം​ഘ​പ​രി​വാ​റും പോ​ലീ​സും വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ക​ൻ ര​മേ​ശ് ഭാ​ഗ​ലി​നു സു​പ്രീം​കോ​ട​തി​വ​രെ ക​യ​റേ​ണ്ടി​വ​ന്നു.

സ്വ​ന്തം ഭൂ​മി​യി​ൽ സം​സ്ക​രി​ക്കു​ന്ന​ത് ത​ട​യാ​നാ​വി​ല്ലെ​ന്നു ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന വി​ധി​ച്ച​പ്പോ​ൾ, 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കാ​ൻ ജ​സ്റ്റീ​സ് സ​തീ​ഷ് ച​ന്ദ്ര ഭി​ന്ന​വി​ധി​യെ​ഴു​തി. ഭ​ര​ണ​കൂ​ട താ​ത്പ​ര്യ​ങ്ങ​ൾ​ക്കൊ​പ്പം ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി മാ​റി​യി​ട്ടി​ല്ലെ​ങ്കി​ലും ആ​ശ​ങ്ക​ക​ൾ ഏ​റു​ക​യാ​ണ്.

ബി​ജെ​പി ഭ​രി​ക്കു​ന്നി​ട​ത്തൊ​ക്കെ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ മ​റ​വി​ൽ ക്രൈ​സ്ത​വ​രെ വേ​ട്ട​യാ​ടു​ന്ന​വ​ർ, ഘ​ർ​വാ​പ്പ​സി നി​ർ​ബാ​ധം ന​ട​ത്തു​ക​യാ​ണ്. ഇ​ത് ഒ​റ്റ​പ്പെ​ട്ട തീ​രു​മാ​ന​മൊ​ന്നു​മ​ല്ല. ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് ക​ഴി​ഞ്ഞ​ദി​വ​സം ല​ക്നൗ​വി​ൽ പ​റ​ഞ്ഞ​ത്, ഭി​ന്നി​പ്പി​ക്ക​ല​ല്ല, ഒ​ന്നി​പ്പി​ക്ക​ലാ​ണ് കാ​ല​ത്തി​ന്‍റെ ആ​വ​ശ്യം എ​ന്നാ​ണ്. ഒ​പ്പം മ​റ്റൊ​ന്നു​കൂ​ടി ഓ​ർ​മി​പ്പി​ച്ചു.

“മു​സ്‌​ലിം​ക​ൾ അ​റ​ബി​നാ​ടു​ക​ളി​ൽ​നി​ന്നു വ​ന്ന​വ​ര​ല്ല. അ​വ​രു​ടെ ഘ​ർ​വാ​പ​സി എ​ടു​ത്തു​ചാ​ടി ന​ട​ത്തേ​ണ്ട​ത​ല്ല, സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ധാ​ര​ണ​ക​ളി​ലൂ​ടെ​യും ന​ട​ത്തേ​ണ്ട​താ​ണ്.” ഇ​താ​ണ്, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം​ത​ര​ക്കാ​രാ​യി ച​വി​ട്ടി​ത്താ​ഴ്ത്തു​ന്ന വി​ചാ​ര​ധാ​ര​യു​ടെ ഒ​ളി​ച്ചു​ക​ളി അ​ഥ​വാ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ വി​മ​ർ​ശ​ന​ങ്ങ​ളും നി​ർ​മി​ത​ബു​ദ്ധി ഉ​ള്ള​ട​ക്ക​ങ്ങ​ളും നി​യ​ന്ത്രി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ, വ​ർ​ഗീ​യ-​ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ട​യാ​ത്ത​ത് ഇ​തി​ന്‍റെ മ​റു​വ​ശ​മാ​ണ്.

മു​സ്‌​ലിം വേ​ഷ​ധാ​രി​ക​ൾ​ക്കു നേ​രേ തോ​ക്കു​ചൂ​ണ്ടു​ന്ന ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ‘പോ​യി​ന്‍റ് ബ്ലാ​ങ്ക്’ ചി​ത്രം ബി​ജെ​പി​യു​ടെ സ​മൂ​ഹ​മാ​ധ‍്യ​മ അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണു പു​റ​ത്തു​വ​ന്ന​ത്. ബി​ജെ​പി-​സം​ഘ​പ​രി​വാ​റു​കാ​ർ പൗ​ര​ന്മാ​രെ മ​താ​ടി​സ്ഥാ​ന​ത്തി​ൽ ഭി​ന്നി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തെ​ങ്ങ​നെ സാ​ധി​ക്കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​രം ഒ​രു വം​ശീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​വും ഭ​ര​ണ​കൂ​ട പി​ന്തു​ണ​യും അ​വ​ർ​ക്കു​ണ്ട് എ​ന്ന​താ​ണ്.

ഛത്തീ​സ്ഗ​ഡ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ജ​സ്റ്റീ​സ് ആ​ൻ​ഡ് ഇ​ക്വാ​ലി​റ്റി​യു​ടെ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്ന സം​ഭ​വം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച ജ​ഡ്ജി​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത, എ​ൻ.​വി. അ​ൻ​ജാ​രി​യ എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഛത്തീ​സ്ഗ​ഡ് സ​ർ​ക്കാ​രി​നു നോ​ട്ടീ​സും അ​യ​ച്ചു.

ഇ​ത്ത​രം 350 സം​ഭ​വ​ങ്ങ​ളാ​ണ് ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത്. ന​മു​ക്കു വേ​ണ​മെ​ങ്കി​ൽ ഇ​തൊ​ന്നും വ​ലി​യ സം​ഭ​വ​മ​ല്ല, അ​ത് ഉ​ത്ത​രേ​ന്ത്യ​യി​ല​ല്ലേ, ക്രി​സ്ത്യാ​നി​ക​ളാ​ണെ​ങ്കി​ലും ന​മ്മു​ടെ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ര​ല്ല​ല്ലോ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ മാ​ത്ര​മാ​ണോ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്, ക്രി​സ്ത്യാ​നി​ക​ൾ മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ലും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ലേ തു​ട​ങ്ങി​യ വ​ർ​ഗീ​യ​ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ന്യാ​യീ​ക​ര​ണ​ങ്ങ​ളി​ൽ ന​മ്മു​ടെ രാ​ഷ്‌​ട്രീ​യം ഒ​ളി​ച്ചു​വ​യ്ക്കാം.

പ​ക്ഷേ, വി​ല​യ്ക്ക് എ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ​യും കെ​ണി​യി​ല​ക​പ്പെ​ട്ട​വ​രു​ടെ​യും ഇ​ത​ര​മ​ത-​അ​പ​ര​വി​ദ്വേ​ഷി​ക​ളു​ടെ​യും ആ ​മ​നു​ഷ്യ​വി​രു​ദ്ധ​ത എ​ല്ലാ​വ​ർ​ക്കും സാ​ധ്യ​മ​ല്ല. ഹി​ന്ദു​ത്വ-​മു​സ്‌​ലിം-​ക്രി​സ്ത്യ​ൻ വ​ർ​ഗീ​യ​ത​ക​ളെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ അ​ഭാ​വം ഇ​ന്ത്യ​ക്കി​ല്ല. പ​ക്ഷേ, എ​ല്ലാ​ത്തി​നെ​യും ഒ​ന്നി​ച്ചെ​തി​ർ​ക്കു​ന്ന​തി​നു പ​ക​രം, ഒ​ന്നി​നെ​യെ​ങ്കി​ലും പ്രീ​ണി​പ്പി​ക്കു​ന്ന രാ​ഷ്‌​ട്രീ​യം ശ​ക്ത​മാ​ണ്.

ആ ​വ്യാ​ജ മ​തേ​ത​ര​ത്വം, രാ​ഷ്‌​ട്രീ​യ ഹി​ന്ദു​ത്വ​യെ​യും വ​ള​ർ​ത്തി. അ​തു​പോ​ലെ, വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കു മ​ത ധ്രു​വീ​ക​ര​ണം സാ​ധ്യ​മാ​യി​ട്ടും മ​തേ​ത​ര രാ​ഷ്‌​ട്രീ​യ-​മ​ത​നേ​താ​ക്ക​ൾ​ക്ക് മ​തേ​ത​ര ധ്രു​വീ​ക​ര​ണം സാ​ധ്യ​മാ​യി​ല്ല. വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം, മ​ത​വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ മു​റി​പ്പെ​ടു​ത്തി​യും പ്ര​കോ​പി​പ്പി​ച്ചു​മ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

വ​ർ​ഗീ​യ​ത​യ്ക്കും തീ​വ്ര​വാ​ദ​ത്തി​നു​മെ​തി​രേ ഉ​യ​ർ​ത്തു​ന്ന സ​മൂ​ഹ​മാ​ധ്യ​മ വാ​ളു​ക​ൾ യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളെ പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​ത് വ​ർ​ഗീ​യ​ത​യ്ക്ക് ആ​ളെ​ക്കൂ​ട്ടു​ന്ന പ​രി​പാ​ടി​യാ​ണ്. ബി​ജെ​പി ഉ​ൾ​പ്പെ​ടെ ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യി​ലെ​യും എ​ല്ലാ അം​ഗ​ങ്ങ​ളും അ​നു​ഭാ​വി​ക​ളും വ​ർ​ഗീ​യ​വാ​ദി​ക​ള​ല്ല. പ​ക്ഷേ, അ​വ​രെ നി​ശ​ബ്ദ​രാ​ക്കാ​ൻ പ്ര​ത്യ​യ​ശാ​സ്ത്ര ‘വി​ശു​ദ്ധ’ ഗ്ര​ന്ഥ​ങ്ങ​ൾ​ക്കും അ​തി​ന്‍റെ കാ​വ​ൽ​ക്കാ​ർ​ക്കും ക​ഴി​യും.

അ​ത്ത​രം വ​ർ​ഗീ​യ​ധാ​ര​ക​ൾ ഉ​ത്ത​രേ​ന്ത്യ​ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ലെ​ന്നു മ​റ​ക്ക​രു​ത്. ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നും അ​തി​ൽ 88 ശ​ത​മാ​ന​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നു​മു​ള്ള അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഹെ​യ്റ്റ് ലാ​ബി​ന്‍റെ റി​പ്പോ​ർ​ട്ടും കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ള്ള 168 രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണെ​ന്ന യു​എ​സ് ഹോ​ളോ​കോ​സ്റ്റ് മ്യൂ​സി​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടും അ​ടു​ത്ത​യി​ടെ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

നി​ർ​വി​കാ​ര​ത പാ​ടി​ല്ല. പു​റ​മേ​യു​ള്ള വൈ​വി​ധ്യ​ങ്ങ​ള​ല്ലാ​തെ അ​ക​മേ ഒ​രൊ​റ്റ വം​ശ​മാ​ണ് നാം. ​അ​ത​ല്ലെ​ന്നു ചി​ന്തി​പ്പി​ക്കാ​നു​ള്ള മ​സ്തി​ഷ്ക ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി വ​ർ​ഗീ​യ​മേ​ശ​യി​ൽ കി​ട​ന്നു​കൊ​ടു​ക്ക​രു​ത്. സ​ഹ​പൗ​ര​നെ വെ​റു​ക്കു​ന്ന​തി​ന്‍റെ കൂ​ടു​ത​ൽ വി​ഷ​ലി​പ്ത​മാ​യ ര​ണ്ടാം ഭാ​ഗ​ത്തി​ലാ​ണ് അ​വ​ന്‍റെ മൃ​ത​ദേ​ഹ​ത്തെ​യും വെ​റു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ള്ള​ത്. അ​തു മ​റ്റി​ട​ങ്ങ​ളി​ലും വ്യാ​പി​ക്ക​രു​ത്. ന​മു​ക്ക​തി​നെ തോ​ൽ​പ്പി​ച്ചേ തീ​രൂ. ഇ​ന്ത്യ ന​മ്മു​ടേ​തു​മാ​ണ്.

Latest News

Up